
Web Desk
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിനോക്കുന്ന വനിതാ ടെക്കിയടക്കം മൂന്നുപേര്‍ പിടിയിലായി.തിരുവനന്തപുരം ചിറയിന്‍കീഴ് യദുകൃഷ്ണന് (25), ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് (40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരാണ്. വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം മുതലാക്കി എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് സംഘം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നൂറുഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്നാണ് സംഘം മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഘം നേരത്തേയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും എവിടെയാണ് വിറ്റത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.