സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദിച്ച സംഭവം; ഒരാൾ പിടിയിൽ

News Desk

ആലുവ ആങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് പിടിയിലായത്. കേസിലെ ആറാം പ്രതിയായ സഹൽ യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ്.

ഭർത്താവുൾപ്പെടെ കേസിൽ പ്രതികളായ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ആദ്യം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് പോലീസിന്റെ ഭാഗത്ത് നിന്ന് വന്ന കുറ്റകരമായ വീഴ്ചയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആലുവ ആങ്ങാട് സ്വദേശി നഹ്‌ലത്താണ് ഭർതൃ വീട്ടിൽ നിന്ന് ക്രൂര പീഡനത്തിന് ഇരയായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ റൂറൽ എസ്.പി. അനുമതി നൽകിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ്‌ലത്തിനെ വിവാഹം കഴിച്ചത്. ഭർതൃ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവിനും മർദ്ദനമേറ്റിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻറെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിൻറെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സി.ഐ. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

error: Content is protected !!