
News Desk
സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയിൽ തമിഴ്നാട് പോലീസ് പോക്സോ കേസ് എടുത്ത് ദിവസങ്ങള്‍ക്കു ശേഷം ആള്‍ദൈവം ശിവശങ്കര്‍ ബാബാ ഡൽഹിയിൽ അറസ്റ്റിൽ.
ഗാസിയാബാദിലെ ചിത്തരഞ്ജനിൽ ആയിരുന്നു ഇയാള്‍ ഒളിവിൽ കഴിഞ്ഞിരുന്നത്. ചെന്നൈയിലെ പ്രശസ്തമായ സ്കൂളിലെ ചില പൂര്വവിദ്യാര്ഥികളാണ് ആള്‍ദൈവത്തിനെതിരെ പരാതിയുമായി എത്തിയത്. ഇയാള്‍ ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബാബായെ അറസ്റ്റ് ചെയ്യാനായി പോലീസ് ഡെറാഡൂണിലേയ്ക്ക് പോയിരുന്നു. എന്നാൽ ഇയാള്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചിൽ ഊര്‍ജിതമാക്കുകയായിരുന്നു.
ഇതിനിടയിലാണ് തമിഴ്നാട് സിബിസിഐഡി സംഘം ഇയാളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈ കാളമ്പാക്കത്ത് സ്ഥിതി ചെയ്യുന്ന സുശീൽ ഹരി സ്കൂളിൻ്റെ സ്ഥാപകനാണ് ശിവശങ്കര്‍ ബാബ. കൊവിഡ് കാലത്തിനു മുൻപ് ചെന്നൈയിലെ ഇയാളുടെ ആശ്രമത്തിൽ സന്ദര്‍ശകരുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. എന്നാൽ സ്കൂളിലെ ചില അധ്യാപകരുടെ സഹായത്തോടെ ഇയാള്‍ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് ആരോപണം. ഒഴിവുസമയങ്ങളിൽ തന്റെ മുറികളിലേയ്ക്ക് വിളിപ്പിച്ച ശേഷം പെൺകുട്ടികളോടു നഗ്നരായി നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും ചുംബിക്കുകയും ചെയ്തിരുന്നതായി ചില പെൺകുട്ടികള്‍ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശിവശങ്കര്‍ ബാബായടക്കം സ്കൂളുമായി ബന്ധപ്പെട്ട ആറുപേരോടു ഹാജരാകാൻ തമിഴ്നാട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാബാ ഹാജരാകാതെ വന്നതോടെ കേസിൽ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയായിരുന്നു. പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.