
Local News
എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അഗസ്ത്യമുഴി പാലത്തിനടുത്താണ് നിരവധി മരങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന രീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങി കിടക്കുന്നത്.ടിപ്പർ ലോറികൾ പോലുള്ള വലിയ വാഹനങ്ങൾ പോകുമ്പോൾ വള്ളികളിൽ കുടുങ്ങി റോഡിലേക്ക് തൂങ്ങിനിൽക്കുന്നതോടെ ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപകടസാധ്യത വർധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇത്തരത്തിൽ വള്ളി തൂങ്ങിക്കിടക്കുകയും ബൈക്കിലെത്തിയ യാത്രക്കാരൻ്റെ തലക്ക് കൊള്ളുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മുക്കം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്സ് ജീവനക്കാരുടേയും ടിപ്പർ തൊഴിലാളികളുടെയും സഹായത്തോടെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന വള്ളികൾ മുറിച്ചു മാറ്റുകയും ചെയ്തത് .
അതേ സമയം പാലത്തിന് സമീപം ഇനിയും ഇത്തരത്തിൽ അപകടഭീഷണിയുള്ള വള്ളികൾ ഉണ്ടെന്നും ഇത് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
നേരത്തെ പ്രദേശത്ത് പൈതൃക പാർക്ക് നിർമിക്കാനായി മുക്കം നഗരസഭ ശുചീകരണ പ്രവർത്തികൾ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ വീണ്ടും കാടു പിടിച്ചതോടെ അപകട ഭീഷണിക്ക് പുറയെ മാലിന്യം തള്ളുന്ന കേന്ദ്രവുമായി പ്രദേശം മാറിയിരിക്കുകയാണ്.