Site icon CTV Online

മലയോരത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ;ശക്തമായ മഴയെ തുടർന്ന് ചില പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മുക്കം ∙ മലയോരത്ത് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. മലയോരത്തെ വനപ്രദേശത്തും കനത്ത മഴ തുടരുന്നതിനാൽ എല്ലാ പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ് ശക്തമായ മഴയെ തുടർന്ന് ഇരുവഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകി റോഡുകൾ വെള്ളത്തിൽ മുങ്ങി. പഞ്ചായത്ത് സ്റ്റേഡിയങ്ങളും വെള്ളത്തിലായി. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പല ഭാഗത്തേക്കും ഗതാഗതം അവതാളത്തിലായി.

നഗരസഭയിലെ പുൽപറമ്പ് കൂളിമാട്, പുൽപറമ്പ് നായർകുഴി, ചേന്ദമംഗല്ലൂർ മംഗലശ്ശേരി തോട്ടം റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. മംഗലശ്ശേരി തോട്ടം റോഡ് പൂർണമായും വെള്ളത്തിലായി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിയിലെ സ്റ്റേഡിയം വെള്ളിത്തിൽ മുങ്ങി. നഗരസഭയിലെയും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെയും പുഴയോര നിവാസികൾ വെള്ളപ്പൊക്ക ഭീതിയിലാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്ന് അപകടഭീഷണി നിലനിൽക്കുന്നതിനാൽ കാരശ്ശേരി ,കൂടരഞ്ഞി ,മാവൂർ എന്നീ പഞ്ചായത്തുകളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

തിരുവമ്പാടി, പൊയിലിങ്ങാപ്പുഴയിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ പുഴത്തൂരം ഇടിഞ്ഞു വഴിക്കടവ് പാലത്തിന്റെ താഴ്‌‌‌ ഭാഗത്ത് പുളിച്ചമാവിൽ സാംസന്റെ കൃഷിയിടം പുഴയിലേക്ക് ഇടിഞ്ഞു. കൃഷിയിടത്തിലെ പ്ലാവ് സഹിതം പുഴയിലേക്കു വീണു. വഴിക്കടവ് –പൊന്നാങ്കയം റോഡിന്റെ തിട്ട റോഡിലേക്ക് ഇടിഞ്ഞു വീണു. വലിയ കല്ല് സഹിതം ആണ് മണ്ണിടിഞ്ഞ് വീണത്. മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട് .

Exit mobile version