Site icon CTV Online

”കൃഷിക്കാരെ കുടിയൊഴിപ്പിക്കാൻ നോട്ടീസ്” യു.ഡി.എഫിന്റെ കള്ള പ്രചരണം തള്ളിക്കളയണം; സി പി ഐ എം

Report: Rafeeq Thottumukkal

മുക്കം: കൃഷിക്കാരെ കുടിയൊഴിപ്പിക്കാൻ നോട്ടീസ് എന്ന കള്ളപ്രചരണം തള്ളിക്കളയണമെന്ന് സി പി ഐ എം. തിരുവമ്പാടി മണ്ഡലത്തിലെയും, തിരുവമ്പാടി വില്ലേജിലെ മറിപ്പുഴ, നെല്ലിപ്പൊയിൽ വില്ലേജിലെ കുണ്ടംതോട് പ്രദേശങ്ങളിലെ കൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നതിന് വനം വകുപ്പ് നോട്ടീസ് നൽകി എന്ന യു.ഡി.എഫ് പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും അത് തള്ളിക്കളയണമെന്നും സിപിഐഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

” 1982 ലെ കുന്നമംഗലം ലാൻഡ് ട്രൈബ്യൂണൽ വിധിക്കെതിരായി വനംവകുപ്പ് കണ്ണൂർ അപ്പലറ്റ് അതോറിറ്റിക്ക് നൽകിയ അപ്പീലിന്റെ തുടർ നടപടിക്കായി ഹാജരാകുന്നതിന് 2021 ജനുവരിയിൽ കൃഷിക്കാർക്ക് നൽകിയ നോട്ടീസ് ആണ് ലഭിച്ചത്. അതോടൊപ്പം വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പും ഉണ്ട്. അതിൽ വനംവകുപ്പ് അതോറിറ്റിക്ക് നൽകിയ അവരുടെ നിലപാട് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് കള്ള പ്രചരണം നടത്തുന്നത്. അതോടൊപ്പം തന്നെ ഇതെല്ലാം അപ്പ്ലറ്റ് അതോറിറ്റിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്.

1977 ന് മുമ്പ് ഭൂമി കൈവശം വെച്ചു വരുന്ന ഒരു കൃഷിക്കാരനെയും കുടിയൊഴുപ്പിക്കില്ലെന്നും, അവർക്ക് പട്ടയം നൽകണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും, കേരള സർക്കാരിൻ്റെയും പ്രഖ്യാപിത നിലപാടാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. നേരത്തെ ജോർജ്.എം.തോമസ് എംഎൽഎ യുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ച കർഷകരുടെ യോഗത്തിലും റവന്യൂ-വനംവകുപ്പുകളുടെ ജോയിൻ്റ് വെരിഫിക്കേഷന് ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ എന്നും തീരുമാനിച്ചതാണ്. അതിനാൽ യാതൊരു ആശങ്കയും വേണ്ടതിതില്ലെന്നും,

എന്നാൽ സർക്കാർ നയത്തിനു വിരുദ്ധമായി കൃഷിക്കാരെ പീഡിപ്പിക്കുന്നതിന് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാർ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അതുപോലെ യുഡിഎഫിന് രാഷ്ട്രീയമായി പ്രചരണം നൽകാൻ കഴിയുന്ന വിധത്തിൽ ചില ഉദ്യോഗസ്ഥന്മാർ പെരുമാറുന്നതായും സംശയിക്കുന്നുവെന്നും കേരള സർക്കാരും അധികാരികളും ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും, തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെങ്കിൽ സിപിഎം പ്രത്യക്ഷ സമര നടപടികളുമായി കൃഷിക്കാരെ സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങുമെന്നും ഏരിയസെക്രട്ടറി ടി. വിശ്വനാഥൻ പറഞ്ഞു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കെ പീതാംബരൻ,ജോളി ജോസഫ്, വി.കെ വിനോദ്, ജോണി ഇടശ്ശേരി, സി.എൻ പുരുഷോത്തമൻ, കെ. പി ചാക്കോച്ചൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി ആന്റണി, കെ.എം ബേബി മുൻ പ്രസിഡന്റ് പി. ടി അഗസ്റ്റിൻ, ലോക്കൽ കമ്മിറ്റി അംഗം ബെന്നി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Exit mobile version