
Web Desk
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. അതിനിടെ കോഴിക്കോട് കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് കനത്ത കാറ്റിലും മഴയിലുമാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. താമരശേരിയില്‍ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കുറ്റിയാടി കാവിലുംപാറയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തൊട്ടില്‍പ്പാലം- കുണ്ടുതോട് ഭാഗത്ത് ഗതാഗതം തടസ്സം അനുഭവപ്പെട്ടു. മാവൂരിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓണം വിപണി മുന്നില്‍ കണ്ടുള്ള കൃഷി വ്യാപകമായി നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുറ്റിയാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.കണ്ണൂര്‍ പാനൂരില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 വൈദ്യുതി തൂണുകള്‍ പൊട്ടിവീണു. പാലക്കാട് അട്ടപ്പാടിയില്‍ ആനക്കട്ടി റോഡില്‍ മരം വീണു. അഗളി ചെമ്മണ്ണൂരില്‍ മരം വീണ് വീട് തകര്‍ന്നു.
