Site icon CTV Online

ഓരോ മഴയിലും മരണത്തെ മുന്നിൽ കണ്ട് മുത്തപ്പൻപുഴ കിളിക്കല്ലിലെ ആദിവാസി കുടുംബങ്ങൾ

Web Desk

കനത്തുപെയ്യുന്ന മഴയിൽ സ്വന്തം വീട്ടിലേക്കുള്ള വഴി തേടി പെടാപ്പാടുപെടുകയാണ് മുത്തപ്പൻ പുഴ കിളിക്കല്ല് സ്വദേശിയായ ആദിവാസി കാട്ടു നായ്ക്കർ വിഭാഗത്തിൽ പെട്ട കുറുമ്പി. ഏക ആശ്രയമായ ഈ തടിപ്പാലം നാളെ ഉണ്ടാകുമോയെന്നും ഉറപ്പില്ല. കനത്ത മഴയും ,മലവെള്ള പാച്ചിലും ഇവർക്ക് എന്നും പേടിസ്വപ്നമാണ്. ജീവൻ അപകടത്തിലാവുന്നതു മാത്രമല്ല ,ഒരു മഴ പെയ്താൽ മതി ഇവർക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെടാൻ. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴക്കടുത്ത് കിളിക്കല്ല് പ്രദേശത്തു ജീവിക്കുന്ന നാല് ആദിവാസി കുടുംബങ്ങളുൾപ്പെടുന്ന ഒൻപതു കുടുംബങ്ങളുടെ അവസ്ഥയാണിത്. ഓരോ മഴക്കാലത്തും സ്വന്തം വീട്ടിൽ നിന്നിറങ്ങി ദുരിതാശ്വാസ ക്യാമ്പിൽ ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവരാണിവർ. കഴിഞ്ഞ രണ്ടുവർഷം മുൻപുണ്ടായ പ്രളയത്തിൽ സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ഈ സ്ഥലം വാസയോഗ്യമല്ലെന്നും, മറ്റു വാസസ്ഥലം കണ്ടെത്തുന്നതിനായി ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ അനുവദിക്കുമെന്നും ഉറപ്പുനല്കിയിരുന്നെങ്കിലും,പിന്നീടതിനെക്കുറിച്ചു ഇവർക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇവർ താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിനു സമീപം പോലും കൂറ്റൻ പാറക്കല്ലുകളും മറ്റും നിറഞ്ഞു ഭീതിതമായ അവസ്ഥയാണ്. ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള ഈ പ്രദേശത്തെ ജീവിതം ദുസ്സഹമാണെന്നു ഇവർ പറയുന്നു. കളക്ടറുടെ ഉറപ്പിനെ തുടർന്ന് ചില കടലാസുകളിൽ ഒപ്പിട്ടുനൽകിയതല്ലാതെ നൽകാമെന്ന് പറഞ്ഞ ഫണ്ടിന്റെ കാര്യത്തിൽ ഇവർക്ക് യാതൊരു അറിവുമില്ല. നിയമത്തിന്റെ നൂലാമാലകളിൽ നിന്നും മുക്തി നേടി എല്ലാം ശരിയായി വരുമ്പോഴേക്കും തങ്ങളുടെ ജീവനും,ജീവിതവും ബാക്കിയുണ്ടാവുമോ എന്ന ആശങ്കയിലാണ് ഈ ഹതഭാഗ്യർ.

Exit mobile version