
Web Desk
ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.
