
Local News
ഇരു വൃക്കകളും തകരാറിലായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയനാകുന്ന കാരശ്ശേരി പഞ്ചായത്തിലെ പന്നിമുക്ക് സ്വദേശി ശിവകുമാറിൻറെ ചികിത്സക്ക് എൻറെ കേരളം വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ ധനസഹായം നൽകി. പട്ടിണിയും രോഗവും ഒരുപോലെ തളർത്തിയ ശിവകുമാർ എന്ന 38 വയസുകാരൻ്റെ ജീവിതത്തെക്കുറിച്ച് സിടിവി പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വീഡിയോ എൻറെ കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിയതോടെ ഗ്രൂപ്പ് അംഗങ്ങൾ ഉടൻതന്നെ എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചു. ഇതോടെ അകമഴിഞ്ഞ പിന്തുണയുമായി മറ്റുള്ളവരും എത്തി. ഇങ്ങനെ ലഭിച്ച സഹായമാണ് ഗ്രൂപ്പ് അഡ്മിൻ ബെന്നി മാത്യു അന്തിനാട്, ബക്കർ കളർബലൂൺ, ജി. അബ്ദുൾ അക്ബർ , അഗസ്റ്റിൻ മാസ്റ്റർ ,ആൻറണി ആരനോലിക്കൽ മോഹൻദാസ് കമ്പളത്ത് എന്നിവർ ശിവൻറെ വീട്ടിലെത്തി കൈമാറിയത്. ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇത്തരം ജീവിത പ്രയാസം നേരിടുന്ന അവരെ സഹായിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്ന് ഇവർ വ്യക്തമാക്കി. ശിവകുമാറിൻറെ ഏതാനും മാസത്തെ യാത്ര ചെലവിനും ഡയാലിസിസിനുമുള്ള തുകയാണ് വ്യാഴാഴ്ച കൈമാറിയത്.
