Site icon CTV Online

‘ഒന്നല്ല രണ്ടു പേരെ കൊന്നു’: കൂടരഞ്ഞിയിൽ ഒരാളെ കൊന്നതായി വെളിപ്പെടുത്തിയ മുഹമ്മദലി 36 വർഷം മുൻപ് മറ്റൊരു കൊല കൂടി ചെയ്തെന്ന് വീണ്ടും വെളിപ്പെടുത്തി

കോഴിക്കോട് ∙ 1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി– 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃത‍ദേഹം കണ്ടെത്തിയ വാർത്ത പിറ്റേന്ന്മാധ്യമങ്ങൾ ‘ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസിൽ അന്വേഷണം തുടങ്ങി.

14–ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനിൽ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തിൽകൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്. എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദലി പറയുന്നതിങ്ങനെ: ‘കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് (അന്ന് ആന്റണി എന്നായിരുന്നു പേര്) ഒരാൾ പണം തട്ടിപ്പറിച്ചു. അയാൾ വെള്ളയിൽ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങൾക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തർക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാൻ കാലിൽ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നീടു കണ്ടിട്ടില്ല. മരിച്ചത് ആരെന്നും അറിയില്ല.’

പൊലീസിന്റെ പ്രതിസന്ധി

∙ കൊലപാതകങ്ങൾ ചെയ്തെന്ന് അവകാശപ്പെടുന്ന ആൾ മുന്നിലുണ്ട്. പക്ഷേ, കൊല്ലപ്പെട്ടവരെ അറിയില്ലെന്ന് അയാൾ. അവർ ആര്?

∙ രേഖകളിലും പത്രവാർത്തകളിലും രണ്ടും അജ്ഞാത മൃതദേഹങ്ങൾ.

സംഭവങ്ങൾ നടന്നിട്ട് 39 വർഷവും 36 വർഷവും പിന്നിട്ടിരിക്കുന്നു.

Exit mobile version