Site icon CTV Online

തിരുവമ്പാടി മറിപ്പുഴ–കുണ്ടൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി; നിർമാണം തുടങ്ങാതെ മൂന്നു വർഷം;പ്രവൃത്തി ഉദ്ഘാടനം നടന്നത് 2021 ഫെബ്രുവരി 13ന്

തിരുവമ്പാടി∙ കെഎസ്ഇബി മറിപ്പുഴ –കുണ്ടൻതോട് മിനി ജലവൈദ്യുത പദ്ധതി പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് 3 വർഷം ആകുമ്പോഴും നിർമാണം തുടങ്ങാനായില്ല. നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കൂട്ടുന്നു. 2021 ഫെബ്രുവരി 13 ന് അന്നത്തെ വൈദ്യുത മന്ത്രി എം.എം. മണി പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണ്. ഇതോടൊപ്പം പ്രവൃത്തി ഉദ്ഘാടനം നടത്തിയ ഓളിക്കൽ–പൂവാറൻ‌തോട് പദ്ധതികളുടെ എർത്ത് വർക്കുകൾ അതിവേഗം പുരോഗമിക്കുകയാണ്.

മറിപ്പുഴ പദ്ധതിയിൽ‌ ഭൂമി ഏറ്റെടുക്കൽ നടപടി പോലും 3 വർഷമാകുമ്പോഴും പൂർത്തിയായില്ല. പദ്ധതിക്ക് വേണ്ടി കുറച്ച് കർഷകരുടെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇത് തന്നെ വളരെ കാലത്തെ സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമാണ്. മുത്തപ്പൻപുഴയ്ക്ക് സമീപം ഇരുവഞ്ഞിപ്പുഴയിൽ തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നിർദിഷ്ട ആനക്കാംപൊയിൽ –കള്ളാടി– മേപ്പാടി തുരങ്കപ്പാതയുടെ സമീപത്തു നിന്ന് ആരംഭിക്കുന്നതും കനാൽ വഴി 1300 മീറ്റർ നീളത്തിൽ മുത്തപ്പൻപുഴ പവർ ഹൗസിലേക്ക് ജലം എത്തിക്കുന്നതും ആയ പദ്ധതിയാണിത്. 6.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെലവ് കുറഞ്ഞ പദ്ധതി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പദ്ധതി നിർദേശം വന്നിട്ട് 17 വർഷം ആയി. 2006ൽ പദ്ധതിയുടെ ചെലവ് 55 കോടി ആണ് കണക്കാക്കിയത്. എന്നാൽ ഇപ്പോൾ ഇത് 150 കോടിയിൽ അധികം വരും.

രണ്ട് പഞ്ചായത്തുകളിൽ നിന്ന് ആയി 30 കർഷകരുടെ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 26 കർഷകരുടെ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി. 2 കർഷകരുടെ സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് കോടതിയിൽ കേസ് ഉണ്ട്. സ്ഥലത്തിനു മാത്രം അല്ല കൃഷിക്കും നഷ്ടപരിഹാരം വേണം എന്നാണ് ഇവരുടെ വാദം.

കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുണ്ടൻതോട് പ്രദേശത്തേക്ക് 2 പാലങ്ങളും കെഎസ്ഇബി നിർമിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. 1965 മുതൽ കുടിയേറ്റം നടന്ന കുണ്ടൻതോട് പ്രദേശത്തേക്ക് ഇതുവരെ പാലമോ റോഡോ ഇല്ല. 60 കോടിയുടെ നിർമാണ കരാർ ഏറ്റെടുത്ത കമ്പനി സ്ഥലം ഏറ്റെടുപ്പിലെ കാലതാമസം വന്നതോടെ കരാറിൽ നിന്ന് പിൻമാറാൻ കത്ത് നൽകി.

കെഎസ്ഇബി ജല വൈദ്യുത പദ്ധതിക്ക് സ്വകാര്യ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് നീണ്ടു പോയത്. 26 പേരുടെ 5.78 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു 6.65 കോടി രൂപ ഇതിനു വേണ്ടി ചെലവായി. ഇനി ഏറ്റെടുക്കാനുള്ള സ്ഥലം 2.5 ഹെക്ടർ ആണ്. അതിന്റെ നടപടി ക്രമങ്ങൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡിപ്പാർട്മെന്റ് തഹസിൽദാരുടെ കീഴിൽ നടന്നു വരുന്നു. ഇതുമായി ബന്ധപ്പെട്ട റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത സർവേ ജനുവരി 4ന് മറിപ്പുഴ –കുണ്ടൻതോട് പ്രദേശങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

1.98 ഹെക്ടർ വനഭൂമി ആണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്. അതിന് ആവശ്യമായ പകരം സ്ഥലം കെഎസ്ഇബി വനം വകുപ്പിനു നൽകുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അനുവാദം കിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ നടക്കുന്നു. ആദിവാസികളുടെ 1.444 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ ഉണ്ട്.

Exit mobile version