Site icon CTV Online

പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 50,000 രൂപ കവര്‍ന്നു

Web Desk

കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അരലക്ഷം രൂപയോളം കവര്‍ന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ മര്‍ദ്ദിച്ച് കൈകള്‍ തുണി കൊണ്ട് കെട്ടിയിട്ട ശേഷം പമ്പിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവം നടന്ന പമ്പില്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി.

Exit mobile version