Site icon CTV Online

തെറിച്ചുവീണ വിദ്യാർഥിയെ റോഡിൽ ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ

Web Desk

കുണ്ടറ, ഓടുന്ന ബസിൽ നിന്നു വിദ്യാർഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിർത്താനോ പരുക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിക്കാതെ കെഎസ്ആർടിസി ജീവനക്കാർ. വിദ്യാർഥി പുറത്തേക്കു വീണെന്നു സഹപാഠികൾ പറഞ്ഞിട്ടും ബസ് നിർത്താതെ പോയി.20നു വൈകിട്ട് 4.15നു എഴുകോൺ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. എഴുകോൺ ടെക്നിക്കൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ സുനിൽ, ഷീന ദമ്പതികളുടെ മകൻ നിഖിൽ സുനിലി (14) നാണ് പരുക്കേറ്റത്. സ്കൂൾ വിട്ടശേഷം കൊട്ടാരക്കരയിൽ നിന്നുള്ള കരുനാഗപ്പള്ളി ബസിൽ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസിൽ നിഖിലും സുഹൃത്തുക്കളും വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ നിഖിൽ വാതിൽ തുറന്നു പുറത്തേക്കുവീണു. വീഴ്ചയിൽ തലയ്ക്കും മുഖത്തും കാൽമുട്ടുകൾക്കും സാരമായി പരുക്കേറ്റു. നിഖിൽ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിർത്തിയില്ല. ബഹളം വച്ചപ്പോൾ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്‌ഷനിൽ നിർത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടർന്നു. നിഖിൽ തെറിച്ചു വീഴുന്നതു കണ്ട ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമായതോടെ വീട്ടിലേക്കു വിട്ടു.വീട്ടുകാർ പരാതിയുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെത്തിയപ്പോൾ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Exit mobile version