
newsdesk
കോഴിക്കോട് : അധ്യയന വർഷം തുടങ്ങാൻ ഒന്നരയാഴ്ച ബാക്കിനിൽക്കെ ജില്ലയിലെ സ്കൂളുകളിൽ കൃത്യമായി വിതരണം ചെയ്യുന്നതു പത്താംക്ലാസിലെ പാഠപുസ്തകങ്ങൾ മാത്രം. ജില്ലയിൽ പലയിടത്തും പാഠപുസ്തകങ്ങൾ എത്തിക്കഴിഞ്ഞെങ്കിലും മിക്ക ഹൈസ്കൂളുകളിലും പുസ്തക വിതരണം തുടങ്ങിയിട്ടില്ല. 6 മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകളുടെ വിതരണം വൈകാൻ സാധ്യതയുണ്ടെന്ന് അധ്യാപകർ പറഞ്ഞു.
ഇടതുസർക്കാർ അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ 20 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായതെന്ന് ആരോപണമുണ്ട്. എന്നാൽ, സ്കൂൾ തുറക്കുന്നതിനുമുൻപ് പുസ്തകവിതരണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ടത് 3,57,05,475 പാഠപുസ്തകങ്ങളാണ്. കഴിഞ്ഞ 18 വരെയുള്ള കണക്കുപ്രകാരം 2,85,51,000 പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചത്. 1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിങ് ജോലികളും പൂർത്തിയാകാനുണ്ട്. യന്ത്രങ്ങൾ തകരാറില്ലാതെ തുടർച്ചയായി പ്രവർത്തിച്ചാൽ ഒരു ദിവസം പരമാവധി 3 ലക്ഷം പുസ്തകമാണു പ്രിന്റു ചെയ്യാൻ കഴിയുക. ഇങ്ങനെയാണെങ്കിൽ 45 ദിവസത്തോളം എടുക്കുമെന്നാണു കരുതപ്പെടുന്നത്.
തമിഴ്നാട്ടിലെ പേപ്പർമില്ലുകൾക്ക് നൽകാനുള്ള കുടിശ്ശിക കെബിപിഎസ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. പേപ്പർ ലഭിക്കാത്തതു വിവാദമായതോടെയാണ് ഏഴു കോടി രൂപ അടിയന്തരമായി മില്ലുകൾക്ക് അനുവദിച്ചത്. നിലവിൽ 300 കോടി രൂപ കെബിപിഎസ്സിനു നൽകാൻ കുടിശ്ശികയുള്ളതായും ആരോപണമുണ്ട്. അതേസമയം, സ്കൂൾ തുറക്കുന്നതിനുമുൻപ് പാഠപുസ്തകവിതരണം പൂർത്തിയാക്കാനാവുമെന്നാണ് കെബിപിഎസ് അധികൃതർ അറിയിച്ചത്.
