
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്‌ച മുതൽ പരക്കെ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഞായറാഴ്‌ചയോടെ മഴയുടെ തീവ്രത വർദ്ധിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്‌ച കാസർകോട് , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്‌ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.
