
Web Desk
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാ ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.വരും മണിക്കൂറുകളിൽ വടക്കൻ ആന്ധ്ര തീരങ്ങളിൽ മഴ ശക്തമാകും. ജവാദ് ദുർബലമായി തീവ്ര ന്യൂനമർദമായേ കര തൊടൂവെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ അറിയിച്ചത്. ശക്തമായ മഴയെ തുടർന്ന് ആന്ധ്ര-ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 122 ട്രെയിനുകൾ റദ്ദാക്കി.
