Site icon CTV Online

ഇടുക്കി ഡാം തുറന്നു

Web Desk

ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്. രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറണ്‍ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്.

ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എറണാകുളം പറവൂരിലെത്തി. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സേന ആരംഭിച്ചു. ആലുവയിലും പറവൂരിലുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, ചൂര്‍ണിക്കര, ചെങ്ങമനാട്, പാറക്കടവ്, കീഴ്മാട്, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിക്കുന്നുണ്ട്.

Exit mobile version