
Web Desk
തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ നാലു പേർ പിടിയിൽ. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിൽ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേങ്ങൽ സ്വദേശി അഭിയ്ക്കായി തിരച്ചിൽ തുടരുന്നു. പ്രതികളെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു.
സന്ദീപിന്റെ ശവശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം 11.30ന് വിട്ടു നൽകും. 12.30 വരെ തിരുവല്ല ഏരിയ കമ്മറ്റി ഓഫിസിലും ഒരു മണിക്ക് പെരിങ്ങര പഞ്ചായ്ത്ത ഓഫിസിലും പൊതുദർശനത്തിനുവച്ച ശേഷം 2ന് വീട്ടിലെത്തിക്കും. വൈകിട്ട് 4.30ന് സംസ്കാരം. സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹർത്താൽ തിരുവല്ലയിൽ ആരംഭിച്ചു. വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹർത്താൽ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി അറിയിച്ചു.
വ്യാഴാഴ്ച്ച രാത്രി 8ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാറിനെ (32) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 3 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ടു വെട്ടുകയായിരുന്നെന്ന്് പൊലീസ് അറിയിച്ചു. ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
