
News Desk
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടര്‍ പിടിയില്‍. എന്‍. ബിനുകുമാറി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂരുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്കുഴി കൃഷ്ണഭവനില്‍ ഡോ.ബബിതയുടെ രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
2020 ഡിസംബര്‍ മുതല്‍ ബിനു കുമാര്‍ പൂച്ചാക്കല്‍ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബബിത ഈ വിവരം അറിഞ്ഞത്. ഇതോടെ ഇവര്‍ ആലപ്പുഴ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ ബിനുകുമാര്‍ പൂച്ചാക്കല്‍ ആശുപത്രിയില്‍ നിന്നു പോയി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം പുനലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലിനോക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. ഇവിടെ എത്തിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ പോലീസ് പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലില്‍ പ്രീഡിഗ്രി പാസായിട്ടില്ലെന്നും കാരക്കോണത്ത് ഒരു ലാബില്‍ ടെക്‌നീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും ബിനു പറഞ്ഞു. അവിടെ വെച്ച് വ്യാജ ഡോക്ടറായ അലക്‌സിന്റെ സുഹൃത്തായ സജിത്തിന്റെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
