Site icon CTV Online

ദല്‍ഹിയില്‍ പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നു

Web Desk

പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടുടമയുടെ ബന്ധു പീഡിപ്പിച്ചുകൊന്നുവെന്ന് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17ന് പ്രവീണിന്റെ ഗുഡ്ഗാവിലെ വീട്ടില്‍ സഹായത്തിനായ പോയ പെണ്‍കുട്ടിയെ ആഗസ്റ്റ് 23ന് മരിച്ച നിലയില്‍ ഇവര്‍ വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നും പെട്ടെന്ന് തന്നെ അടക്കണമെന്നും പ്രവീണും മറ്റുള്ളവരും നിര്‍ബന്ധിച്ചെന്നും എന്നാല്‍ അയല്‍ക്കാരെത്തി തടയുകയായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പറഞ്ഞത്.

പെണ്‍കുട്ടിയുടെ മൃതദേഹത്തിലെ മുറിവുകള്‍ കണ്ട മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റമോര്‍ട്ടത്തിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായത്. മൃതദേഹം സംസ്‌കരിക്കാനുള്ള എല്ലാ വസ്തുക്കളുമായിട്ടായിരുന്നു ആഗസ്റ്റ് 23ന് ഇവര്‍ എത്തിയതെന്നും അവര്‍ തന്റെ മകളെ കൊന്നുകളയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.സി/എസ്.ടി ആക്ട് പ്രകാരം കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളും കേസില്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.നിലവില്‍ അറസ്റ്റിലായിരിക്കുന്ന പ്രവീണിനെ കൂടാതെ വീട്ടുടമയ്ക്കും ഭാര്യക്കും സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണവും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.നേരത്തെ ദല്‍ഹിയില്‍ ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന ശേഷം നിര്‍ബന്ധിച്ച് സംസ്‌കരിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു.

Exit mobile version