Site icon CTV Online

ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി

Report: Web Desk

ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി.ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചു കീറിയത്. സംഭവത്തിന്റെ 20 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. യുപിയിലെ സാമ്പൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിൽ സ്ട്രെച്ചറിൽ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതിൽ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. വ്യാഴാഴ്ചയാണ് പെൺകുട്ടി റോഡപകടത്തിൽ മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ പെൺകുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പെൺകുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയിൽ അനാഥമായി കിടന്നുവെന്നു പെൺകുട്ടിയുടെ പിതാവ് ചരൺ സിങ് പറഞ്ഞു.

സാമ്പാൽ സർക്കാർ ആശുപത്രിയിൽ തെരുവുനായ ശല്യം ഉണ്ടെന്നുള്ളത് സത്യമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നു ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ പഴിക്കുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ സമ്മതിക്കാതെ കുടുംബം നിർബന്ധപൂർവം കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കുമ്പോൾ സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ആശുപത്രിയിലെ ഡോക്ടർ സുഷിൽ വർമ പറഞ്ഞു.

സംഭവം അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാർഡ് ബോയിയെയും സസ്പെൻഡ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇരുവർക്കും വീഴ്ച സംഭവിച്ചുവെന്നും അധികൃതർ പറയുന്നു. ജോലിഭാരം കൂടുതലായിരുന്നുവെന്നും ഇരുവരും അതീവശ്രദ്ധ പുലർത്തേണ്ടതായിരുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു.

Exit mobile version