
Report: Rafeeq Thottumukkam
തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയ്ക്ക് സമീപം മുത്തപ്പൻ പുഴയിൽ പൊട്ടക്കിണറ്റിൽ വീണ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. നാട്ടുകാരുടെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്തേക്ക് ഗതാഗത മാർഗമൊരുക്കിയ ശേഷമാണ് സുരക്ഷാ സംവിധാനങ്ങളെത്തിച്ച് ആനയെ കരയ്ക്കെത്തിച്ചത്.ആനക്കാംപൊയിലിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി 7:30-ഓടെയാണ് ഫലം കണ്ടത്.
ഭക്ഷണമോ വെള്ളമോ കിട്ടാതെ 3 ദിവസമാണ് ആന പൊട്ടകിണറ്റിലെ ചതുപ്പിൽ താഴ്ന്നു നിന്നത്. കോഴിക്കോട് തിരുവമ്പാടിയ്ക്ക് സമീപം മുത്തപ്പൻ പുഴയിലുള്ള വെളുത്തേടത്ത് ജോസ് എന്ന വ്യക്തിയുടെ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിലായിരുന്നു കാട്ടാന കാലുതെന്നി വീണത്. എസ്റ്റേറ്റ് മേഖലയായതിനാൽ വിവരം പുറത്തറിയാൻ വൈകി. വിവരമറിഞ്ഞ് രാവിലെ 6 മണിയോടെ വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ഏറെ കഠിനമായിരുന്നു. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയോ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വാഹനങ്ങള്‍ എത്തിക്കാനായില്ല. ഇതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നതിന് ഏറെ സമയമെടുത്തു. നാട്ടുകാരുടെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ആദ്യം പ്രദേശത്തേക്കുള്ള ഗതാഗത മാർഗം ഒരുക്കിയതിനു ശേഷം
കിണറിനു സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങ് നിർമിച്ച് പത്തു മണിക്കൂറുകളിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ ആനയെ കണ്ടെത്തിയത്.ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
