Site icon CTV Online

കാരശ്ശേരിയിൽ സ്മിത ടീച്ചറും, എടത്തിൽആമിനയും;കൊടിയത്തൂരിൽ ഷംലുലയും കരീം പഴങ്കലും

Report: C fasal Babu

മുക്കം: മലയോര മേഖലയിൽ ഇടത് മുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത കാരശ്ശേരി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്തുകളിൽ അധ്യക്ഷ, ഉപാധ്യക്ഷ പദവികളും യു ഡി എഫ് കരസ്ഥമാക്കി.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഏറെ വീറും വാശിയുംകൊണ്ടു ശ്രദ്ധേയമായ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിലെ സ്മിതടീച്ചറാണ് പ്രസിഡൻ്റ് .
ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിൽ ഇടത് മുന്നണിയിലെ ശ്രുതി കമ്പളത്തിനെ 8 നെതിരെ 10 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സ്മിത ടീച്ചർ വിജയിച്ചത്. സ്മിത ടീച്ചറെ ആമിന എടത്തിൽ നിർദേശിക്കുകയും സത്യൻ മുണ്ടയിൽ പിൻതാങ്ങുകയും ചെയ്തു. ശ്രുതിയെ നൗഷാദ് പിൻതുണച്ചപ്പോൾ കെ.ശിവദാസൻ പിൻതാങ്ങി. വരണാധികാരി ഗീത സത്യവാചകം ചൊല്ലിക്കൊടുത്തു.

പഞ്ചായത്തിലെ എല്ലാവരെയും ഒന്നായി കണ്ട്‌ പ്രവർത്തിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനവും നടത്തി.

പതിനേഴാം വാർഡ് നോർത്ത് കാരശ്ശേരിയിൽനിന്നു വിജയിച്ച സ്മിത, തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂൾ അധ്യാപികയായിരിക്കെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. രാഷ്ട്രീയ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പുതന്നെ പ്രസിഡണ്ട് പദവിയിലേക്കായി ഭാഗ്യം തെളിയിച്ചു. നേരത്തേ എസ്.സി.പ്രമോട്ടറായി പ്രവർത്തിച്ചിട്ടുമുണ്ട്. ചോണാട് വേങ്ങേരി ശശികുമാറാണ് ഭർത്താവ്. ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 8 നെതിരെ 10 വോട്ടുകൾക്ക് ഇടത് മുന്നണിയിലെ കെ.പി.ഷാജിയെ പരാജയപ്പെടുത്തി മുസ്ലീം ലീഗിലെ ആമിന എടത്തിലും വിജയിച്ചു. വൈസ് പ്രസിഡൻ്റിന് പഞ്ചായത്ത് പ്രസിഡൻറ് സ്മിത ടീച്ചർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മൃഗീയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിച്ച കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുസ്ലീം ലീഗിലെ ഷംലൂല പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം വാർഡായ കാരക്കുറ്റിയിൽ നിന്നാണ് ഇവർ വിജയിച്ചത്. ഷംലൂലയെ കരീം പഴങ്കൽ നിർദേശിച്ചപ്പോൾ ഫസൽ കൊടിയത്തൂർ പിൻതാങ്ങുകയായിരുന്നു. 2 നെതിരെ 14 വോട്ടുകൾക്കാണ് ഷംലൂല സി.പി.എമ്മിലെ കോമളത്തിനെ പരാജയപ്പെടുത്തിയത്.


ജനങ്ങൾക്ക് ഏത് ആവശ്യത്തിനും കൊടിയുടെ നിറം നോക്കാതെ ഒപ്പം നിൽക്കുമെന്ന് ഷംലൂല പറഞ്ഞു.യു ഡി എഫ് വിമതയായി വിജയിച്ച മറിയം കുട്ടിഹസ്സനും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതും ശ്രദ്ധേയമായി.
ഇതോടെയാണ് യു ഡി എഫ് അംഗസംഖ്യ 13 ൽ നിന്ന് 14 ആയത്.
ഉച്ചക്ക് ശേഷം തെരഞ്ഞെടുപ്പില്ലാതെ തന്നെ യു ഡി എഫിലെ കരീം പഴങ്കൽ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രവർത്തകർ കൊടിയത്തൂരിൽ ആഹ്ലാദ പ്രകടനവും നടത്തി

Exit mobile version