
മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുല്ലൂരാംപാറയിൽ വെച്ച് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ: ജി.സുധാകരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും. LDF സർക്കാരിൻ്റെ അഭിമാന പദ്ധതികളിൽ ഒന്നായ കാസർകോഡ് നന്ദാരപ്പടവു മുതൽ പാറശ്ശാല വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിക്കുകയാണ്. കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത മലപ്പുറം ജില്ലയിൽ പ്രവേശിച്ച് നിലമ്പൂരുമായി ബന്ധപ്പെട്ടാണ് പോകുന്നത്. കോടഞ്ചേരി ,പുലിക്കയം, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റോഫീസ് ജംഗ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് പാത കടന്നു പോകുന്നത്.34.3 കി.മീ നീളമുള്ള പാത 12 മീറ്റർ വീതിയിൽ ഹൈവേ നിലവാരത്തിലാണ് നിർമ്മിക്കുന്നത്. BM&B C നിലവാരത്തിൽ 7 മീറ്റർ വീതിയിൽ കാര്യേജ് വേ,ശാസ്ത്രീയ രീതിയിലുള്ള ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇൻ്റർലോക്ക് വിരിച്ച നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറുകിട പാലങ്ങളും സൈൻബോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ് ബേകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കേരളത്തിലെ പ്രമുഖ നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപക്ക് പ്രവൃത്തി കരാറെടുത്തിട്ടുള്ളത്.24 മാസമാണ് നിർമ്മാണ കാലാവധി. പാത പൂർത്തിയാകുന്നതോടെ മലയോര മേഖലക്ക് പ്രത്യേകിച്ചും തിരുവമ്പാടി മണ്ഡലത്തിനാകെ ത്തന്നെയും വലിയ വികസനക്കുതിപ്പാണ് സംഭവിക്കുന്നത്. മലയോര ജനതയുടെ ഉത്സവാഘോഷമായി നടക്കേണ്ടിയിരുന്ന ചടങ്ങ് കോ വിഡ് കാലമായതിനാൽ പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തുന്നത്. മലയോര മേഖലയിലെ പ്രധാന കേ പ്രധാന കേന്ദ്രങ്ങളിൽ ചടങ്ങ് തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗസ്ഥ പ്രമുഖരും ജനപ്രതിനിധികളും രാഷ്ട്രീയ പാർടി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.
