
കോഴിക്കോട്: കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നടപടിയുമായി പോലീസ്. രോഗവ്യാപനം തടയുകയെന്നത് പ്രധാന ദൗത്യമായി ഏറ്റെടുത്തുകൊണ്ടാണ് ഡിസിപി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത്. സിറ്റി പോലീസിന് കീഴില്‍ നിലവില്‍ 36 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.ഇതില്‍ 26ഉം കോഴിക്കോട് കോര്പറേഷന് പരിധിയിലാണ്. ഇവിടെനിന്നുള്ളവര്‍ക്ക് പുറത്തേക്കും പുറമേനിന്നുള്ളവര്‍ക്ക് അകത്തേക്കമുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമേ പുറത്തേക്കും അകത്തേക്കുമുള്ള പ്രവേശനം അനുവദിക്കുകയുള്ളൂ. ഊടുവഴികളിലൂടെയുള്ള യാത്രകളും പൂര്‍ണമായും വിലക്കാന്‍ ഡിസിപി പോലീസുകാര്‍ക്ക് നിര്‍ദേശം നല്കി.
നിയമംലംഘിക്കുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിസിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പോലീസിനുള്ള നിര്‍ദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടോയെന്നും ഡിസിപി നിരീക്ഷിക്കും. ഓരോ ദിവസവും രാവിലെയും വൈകിട്ടുമായി നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയും. പല കണ്ടെയ്ന്മെന്റ് സോണുകളിലും കേസുകളുടെ എണ്ണം കുറഞ്ഞത് പോലീസിന്റെ വീഴ്ചയായിട്ടാണ് മറ്റുള്ളവര്‍ കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ പോലീസുകാര്‍ക്കും നിര്‍ദേശം നല്‍കിയത്.
ഇതിനു പുറമേ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നതും പരിശോധിക്കാന്‍ ഡിസിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവദനീയമായ സമയം കഴിഞ്ഞും തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍, മാസ്ക് ഉപയോഗിക്കാത്തവര്‍, സാമൂഹിക അകലം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ എന്നീ ലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഓരോ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കയറി പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാനും അതത് സ്ഥലങ്ങളിലെ എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്കി.

