Site icon CTV Online

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്; സൂരജ് പാലാക്കാരൻ കീഴടങ്ങി

Web Desk

ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പാലാ സ്വദേശി സൂരജ് വി. സുകുമാർ (സൂരജ് പാലാക്കാരൻ) പൊലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാരനെതിരെ പട്ടികജാതി/ വർഗങ്ങളിൽപെട്ടവർക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിന്റെ വകുപ്പ് ബാധകമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ഈ സാഹചര്യത്തിലാണ് ഇയാൾ കീഴടങ്ങിയത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സൂരജിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റു ചെയ്തെന്ന് കരുതുന്നില്ലെന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു. അടിമാലി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവിൽ പോയിരുന്നു. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് സൂരജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തുന്നത് കുറ്റകരമാണ് എന്നു നിരീക്ഷിച്ച കോടതി, ഹർജി തള്ളി. ഇതോടെ സൂരജ് പാലാക്കാരൻ കീഴടങ്ങാൻ നിർബന്ധിതനാവുകയായിരുന്നു.

Exit mobile version