Site icon CTV Online

ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു; ലോറി കത്തിനശിച്ചു

Web Desk

ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിൽ പാഴ്‌സൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ വിദ്യാർഥി അയിലം സ്വദേശി അച്ചു ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആലംകോട് സ്വദേശി ആദിലിനെ പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. എതിർവശത്തു കൂടി വന്ന മറ്റൊരു വാഹനവുമായി ഇടിച്ച ബൈക്ക് പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ബൈക്കുമായി അൽപദൂരം ലോറി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ആറ്റിങ്ങൽ പൊലീസ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്.

ബൈക്കും ലോറിയുടെ മുൻഭാഗവും പൂർണമായും കത്തിനശിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി. എറണാകുളത്ത് നിന്ന് പാഴ്‌സലുകളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Exit mobile version