രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺ​ഗ്രസ്; പാലക്കാട് പൊലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും
പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് നടത്തി.

കണ്ണൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ നിയമനടപടി സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം. വനിതാ പ്രവർത്തിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. അതേസമയം സർക്കാരിനെതിരെ വ്യത്യസ്ത സമരത്തിനു ഒരുങ്ങുകയാണ് ആർ.വൈ.എഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിക്കും.

error: Content is protected !!