മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കൊയിലാണ്ടിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കൊയിലാണ്ടി: നവകേരള സദസ്സില്‍ പങ്കെടുക്കാനായി കൊയിലാണ്ടിയിലേക്ക്‌ വരികയായിരുന്ന മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ തിരുവങ്ങൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപത്തുവെച്ച് ഏഴംഗ സംഘമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കുതിക്കുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും പ്രതിരോധം വകവെക്കാതെ പ്രവര്‍ത്തകര്‍ ബസിനുമുമ്പിലേക്ക് പോകുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് മിനിറ്റോളം ബസ് തിരുവങ്ങൂരില്‍ നില്‍ക്കേണ്ടിവന്നു. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു.

പ്രതിഷേധ സംഘത്തിലുണ്ടായിരുന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം എം.കെ.ജാനിബിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ജാനിബിന്റെ കൈയ്ക്ക് പരിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം എ.കെ.ജാനിബ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.കെ സായിഷ്, കൊയിലാണ്ടി നോര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംനാസ്.എം.പി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായ സഫീര്‍ വെങ്ങളം, കെ.എസ്.യു പ്രവര്‍ത്തകരായ ആദര്‍ശ് കെ.എം, ഷനസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!