ഇഷ്ടപ്പെട്ടതെല്ലാം നേടാനായി യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചു: താമരശേരി അടിവാരത്ത്ഭർത്താവടക്കം രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പികെ പ്രകാശൻ, യുവതിയുടെ ഭർത്താവ് ഷെമീർ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് തന്നോട് നഗ്നപൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടതെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നത്.

പ്രകാശൻ പൂജയുടെ കർമി ചമഞ്ഞാണ് എത്തിയത്. പൂജ നടത്തിയാൽ പ്രശ്നങ്ങൾ തീരുന്നതിനൊപ്പം ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും ഇരുവരും യുവതിയെ ധരിപ്പിച്ചു. എന്നാൽ യുവതി ഒഴിഞ്ഞുമാറി. ഇതോടെ നിർബന്ധമായി. ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.താമരശേരി പൊലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.കൊല്ലം ചടയമംഗലത്ത് നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന ആറ്റിങ്ങൽ സ്വദേശിനിയായ യുവതി പരാതിപ്പെട്ടിരുന്നു. 2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവിന്റെ വീട്ടിൽ സ്ഥിരമായി എത്തുന്ന രണ്ടുപേരായിരുന്നു മന്ത്രവാദികൾ എന്നും ഇവരാണ് ശരീരത്തിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും പറഞ്ഞത്. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പലപ്പോഴും ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തന്നെപ്പോലെ മറ്റുചില യുവതികളെയും ഇവർ സമാനരീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പൂജയ്ക്ക് നഗ്നയായി ഇരിക്കാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!