NEWSDESK
ബത്തേരി∙ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് ബത്തേരി സ്വദേശിനി ഷഹാന ബാനുവും പതിനൊന്നു വയസ്സുകാരി മകളുമാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമതു വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃവീടിനു മുന്നില്‍ ബഹളം വച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഇതറിഞ്ഞ ഷഹാനയും മകളും ഭര്‍ത്താവിന്‍റെ വീടിനു മുന്നില്‍ എത്തി ബഹളം വയ്ക്കുകയായിരുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്നും ഷഹാന പറഞ്ഞു.