
newsdesk
മുക്കം: കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ കൊടിയത്തൂർ തോട്ടുമുക്കത്തും പുലി ഭീതി.ആറാം വാർഡിൽ പെട്ട മാടാമ്പിയിൽ മുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു.
കാക്കനാട്ട് മാത്യുവിൻ്റെ വീട്ടിലെ നായയെയാണ് ഇന്നലെ രാത്രി കൊന്ന് ഭക്ഷിച്ചത്.നായയെ ബന്ധിച്ച ചങ്ങലയിൽ തല മാത്രമാണ് ബാക്കിയുള്ളത്. രാത്രി നായയുടെ കുര കേട്ട് നോക്കിയ വീട്ടുകാർ പുലിയെന്ന് സംശയിക്കുന്ന ജീവി നായയെ ആക്രമിക്കുന്നത് കാണുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്.പീടികപ്പാറ ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസർ പി.സുബീറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ധേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടുപന്നിയും മറ്റ് വന്യമൃഗങ്ങളും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് പുലി സാന്നിധ്യം വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
