Site icon CTV Online

മുക്കം നഗരസഭ പരിധിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം ; നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങി, സമര പന്തലിൽ നിന്നും മടങ്ങിയ കർഷകയെ കാട്ടു പന്നി അക്രമിച്ചു

മുക്കം: നഗരസഭ പരിധിയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കർഷകരുടെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് തുടക്കം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ സർക്കാർ അനുമതി നല്‍കിയിട്ടും നഗരസഭ ഒഴിഞ്ഞു മാറുകയാണന്നാരോപിച്ചാണ് സമരം.

സമീപ പഞ്ചായത്തുകള്‍ നായാട്ടു നടത്തിയും മറ്റും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് ചൂണ്ടിക്കാട്ടുമ്പോള്‍ നഗരസഭ കണ്ണടയ്ക്കുകയാണ്. നായാട്ടിനുള്ള സാമ്പത്തിക ചെലവ് ഏറ്റെടുക്കാൻ തയാറാവുകയും 20 ഷൂട്ടർമാർ അനുമതി രേഖകള്‍ നല്‍കിയിട്ടും മുക്കം നഗരസഭ കർഷക, ജന വിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണന്നും സമരക്കാർ പറഞ്ഞു.

രാവിലെ കൃഷിയിടത്തില്‍നിന്ന് ആരംഭിച്ച ഉപവാസം വൈകുന്നേരം മൂന്നിന് നഗരസഭ കവാടത്തില്‍ എത്തി തുടരുകയായിരുന്നു. വൈകിട്ട് ആറു വരെയായിരുന്നു ഇന്നലത്തെ നിരാഹാര സമരം. ഉപവാസ സമരം കർഷകൻ പൈറ്റുളി ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. സമരത്തില്‍ ഷാജി രാജ് ലങ്കയില്‍, സിദ്ധാർത്ഥൻ മാമ്പറ്റ, മുനീർ മുത്താലം, വിനോദ് മണാശ്ശേരി, ദാമോദരൻ കോഴഞ്ചേരി, സുധാകരൻ കപ്പിയാടത്ത്, ഗോപി കളരിക്കണ്ടി, റുക്കിയ ടീച്ചർ, സഫിയ പുല്‍പറമ്പ്, ബേബി മുത്താലം, ബാബു ആക്കത്തൊടി, സൈനബ മുത്താലം, കുര്യൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ സമര പന്തലില്‍ നിന്ന് മടങ്ങിയ കർഷകയെ കാട്ടുപന്നി അക്രമിച്ചു.മുക്കം നഗരസഭ കവാടത്തില്‍ കാട്ട് പന്നിയുടെ ശല്യത്തിനെത്തിരേ ഉപവാസ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ കർഷകയെ കാട്ടു പന്നി അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. പുല്‍പ്പറമ്പ് എടോളി പാലി സഫിയ (60) ക്കാണ് കാട്ടു പന്നിയുടെ അക്രമണത്തില്‍ കാലിനും കൈക്കും പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് 6.30 ഓടെണ് സംഭവം. തന്‍റെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

Exit mobile version