കോഴിക്കോട് പെരുവണ്ണാമുഴി ഓടുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; കാർ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്:റോഡില്‍ ഓടുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടാവുകയായിരുന്നു. കാറിന്‍റെ മുൻവശവും ഇടതുഭാഗവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
എന്നാല്‍ കാറിനകത്തുണ്ടായിരുന്നവര്‍ പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.

എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് നേരെയാണ് ഇങ്ങനെ ആക്രമണമുണ്ടാകുന്നതെങ്കില്‍ അത് എന്തുമാത്രം വലിയ അപകടമാണുണ്ടാക്കുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇതുവഴി ഏറെയും കടന്നുപോകുന്നതത്രേ.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!