Site icon CTV Online

ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്ന സംഭവം;പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

Report: News Desk

മുക്കം :പഴംപറമ്പിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊലനടത്തിയ വീടിന്റെ ഉൾഭാഗവും മറ്റും പരിശോധിച്ച പോലീസ് തൊട്ടടുത്ത പറമ്പിൽ നിന്നും കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തു.ഡി.വൈ.എസ്.പി. സന്തോഷിന്റേയും, മുക്കം പോലീസ് ഇൻസ്‌പെക്ടർ നിസ്സാമിന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നിർവികാരനായാണ് പോലീസിനോടപ്പമെത്തിയ പ്രതി ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്.വിരലടയാള വിദഗ്ധരും, ഫോറൻസിക് സംഘവും പോലീസിനോടൊപ്പമുണ്ടായിരുന്നു. അതെ സമയം കൃത്യം നടത്തിയതിനു ശേഷം പ്രതി ആത്മഹത്യ ശ്രമം നടത്തിയതായും നാട്ടുകാർ പറയുന്നു.ഓട്ടത്തിനിടയിൽ വീണ പ്രതിയുടെ നെറ്റിയിലും തലക്കും പരിക്കേറ്റിട്ടുമുണ്ട്.

ഇന്ന് പുലർച്ചെ 4 : 30 നായിരുന്നു ഷഹീർ (30) മുഹ്സിലയെ (20) കഴുത്തറുത്ത് കൊന്നത്.പുലർച്ചയോടെ ഷഹീറിൻ്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എണീറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ ഇവർ മുഹ്സിലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. ആറു മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.മലപ്പുറം ഊർങ്ങാട്ടിരി ചൂളാട്ടിപാറ സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Exit mobile version