കളമശേരി സ്ഫോടനം; പ്രതി മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു;ആരാണ് കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിലെ ഡൊമിനിക് മാർട്ടിൻ

NEWSDESK

കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ.

താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നത് . . മാർട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തു. തമ്മനത്തെ വാടക വീട്ടിലാണ് ഡൊമനിക് മാർട്ടിനും ഭാര്യയും താമസിക്കുന്നത്.

സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിർപ്പുമൂലമാണെന്നും 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികൾ രാജ്യദ്രോഹ സംഘടനയെന്ന് ആറു വർഷം മുൻപ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവർ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ സാധാരണക്കാർ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയിൽ പറയുന്നു.

ആരാണ് കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിലെ ഡൊമിനിക് മാർട്ടിൻ?

കളമശ്ശേരി സ്‌ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ, ആരാണ് എറണാകുളം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ എന്നതാണ് എല്ലാവരും അന്വേഷിക്കുന്നത്. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പൊലീസിൽ കീഴടങ്ങുന്നതിന് മുൻപ് മാർട്ടിൻ ഫേസ്‌ബുക്കിൽ ഇട്ട വിഡിയോ അതിനുള്ള ഉത്തരമാണ്. എന്നാൽ ഇപ്പോൾ ആ പോസ്റ്റ് ലഭ്യമല്ല, അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് തന്നെ അത് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്.

16 വർഷത്തോളം താൻ ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണെന്നും ഇത് തെറ്റായ പ്രസ്ഥാനമാണെന്നും ഇതിലെ പഠിപ്പിക്കലുകൾ രാജ്യ​ദ്രോഹപരമാണെന്നുമാണ് മാർട്ടിൻ വിഡിയോയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അത് തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ അവരാരും തയ്യാറാവാത്തതിനാലാണ് താൻ സ്ഫോടനം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ന്യായം.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് മാർട്ടിൻ സ്‌ഫോടനം നടത്തിയത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയായിരുന്നു മാർട്ടിന്റെ സ്‌ഫോടനം. സംഭവത്തിൽ ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അഞ്ചുവർഷം മുൻപ് യഹോവ വിശ്വാസം അവസാനിപ്പിച്ചയാളാണ് മാർട്ടിൻ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും എത്തിയത്. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് മാർട്ടിൻ വീട്ടിൽ നിന്ന് പോയത്. നേരത്തെ തമ്മനത്ത് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു ഇദ്ദേഹം. കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭാര്യയും മകളും പറയുന്നു. പ്രതിയുടെ കൈയ്യിൽ നിന്ന് സ്ഫോടനം നടത്തിയ റിമോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നാണ് സ്ഫോടനം നടത്തേണ്ടത് എങ്ങനെയെന്ന് ഇയാൾ പഠിച്ചത്.

ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നതെന്നാണ് മാർട്ടിൻ ആരോപിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആ​ഗ്രഹിക്കുന്ന ഒരു വിഭാ​ഗത്തെ എന്താ ചെയ്യുക, തെറ്റായ ഈ ആശയത്തിന് എതിരെ തനിക്ക് പ്രതികരിച്ചേ പറ്റൂ, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നാണ് മാർട്ടിൻ വീഡോയിൽ വിശദീകരിക്കുന്നത്.

ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശെരിയാണെന്ന് ആൾക്കാർക്ക് തോന്നുമെന്നും അതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഇയാൾ പറയുന്നു. ഈ പ്രസ്ഥാനം നമ്മുടെ നാട്ടിൽ ആവശ്യമില്ലെന്നുള്ള പൂർണ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്നും മാർട്ടിൻ പറയുന്നു. കേസിൽ യുഎപിഎ, കൊലപാതകം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ​ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്.

error: Content is protected !!
%d