
Web Desk
നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്ന നാരായന്‍ അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കൊച്ചരേത്തി’ എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ നാരായന്‍ 1940 സെപ്തംബര്‍ 26-ന് ഇടുക്കിയിലെ കടയാറ്റൂരിലാണ് ജനിച്ചത്. മലയരയര്‍ വിഭാഗത്തില്‍ ജനിച്ച നാരായന്‍ തന്റെ ജനതയുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്‌വേഡ് പുരസ്‌കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്‌റീന്‍ തങ്കമ്മയാണ് വിവര്‍ത്തനം ചെയ്തത്.
ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം. നാരായന്റെ ‘ഇരുണ്ട കഥകള്‍’ ജീവിതയാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കൊച്ചരേത്തിയിലൂടെ നാരായന്‍ ഗോത്രവര്‍ഗവിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റുമായി മാറി. കൊച്ചരേത്തിക്കുശേഷം ഊരാളിക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകള്‍ നാരായന്റെ തൂലികയില്‍ പിറന്നു. പോസ്റ്റല്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നു.
