Site icon CTV Online

കനത്ത മഴ തുടരുന്നു; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വയനാട്: നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അവധി. പ്രൊഫഷണല്‍ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) അവധി ബാധകമാണ്.

പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് കളക്ടർ അറിയിച്ചു. വയനാടിനുപുറമെ കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.അതേസമയം, വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം നാലായി. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്.

തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. നിലവിൽ ഒമ്പത് പേർ ചികിത്സയിലാണ്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), രജനീഷ് (27), തൻമയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ് ഐ സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. ആറുപേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version