NEWSDESK
വയനാട് മുണ്ടക്കൈയും ചൂരമല്‍മലയുമെല്ലാം ഇന്ന് മണ്ണ് നിറഞ്ഞ പ്രദേശങ്ങളാണ്. ഉരുളന്‍ കല്ലുകളും ചെളിയും കുമിഞ്ഞ് കൂടുന്നതിന് മുമ്പ് സുന്ദരമായ ഗ്രാമം നിലനിന്നിരുന്നിടങ്ങള്‍. അവിടെ നല്ല മനസുള്ള കുറേ പേര്‍. അവരിലൊരാളായിരുന്നു പ്രജീഷ്. ആര്‍ക്കെന്ത് ആവശ്യമുണ്ടെങ്കിലും മുന്‍പന്തിയില്‍ പ്രജീഷുണ്ടാകുമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ കണ്ണുനിറയുകയാണ്.
മലവെള്ളം ആദ്യമിരച്ചെത്തിയപ്പോള്‍ കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തിയ ശേഷമാണ് സജീഷ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്നാം തവണയും ജീപ്പെടുത്ത് പോയ പ്രജീഷിനെ അവിടെയത്താന്‍ വിധി സമ്മതിച്ചില്ല. എല്ലാവര്‍ക്കും സഹായി. കപ്പിയും കയറുമായി മലകയറും. സഹായമെത്തിക്കാന്‍ കഴിയുന്നിടത്തെല്ലാം പ്രജീഷിന്റെ സാന്നിദ്ധ്യമുണ്ടാകും. അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചത്. ഉരുള്‍പൊട്ടിയതോടെ രണ്ടുതവണ നിരവധി പേരെ അദ്ദേഹം രക്ഷപ്പെടുത്തി. കുടുംബത്തെയും സുരക്ഷിതമാക്കിയിരുന്നു. വീണ്ടും ജീപ്പെടുത്ത് പോകുമ്പോള്‍ സുഹൃത്തുക്കള്‍ തടഞ്ഞതാണ്.
എന്നാല്‍ സഹായം ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകുന്നതില്‍ തടസം നിക്കരുതെന്നാണ് അവരോട് പ്രജീഷ് പറഞ്ഞത്. എന്നാല്‍ ചൂരമലയിലേക്കെത്തുന്നതിന് മുമ്പ് വണ്ടിയടക്കം ഉരുളില്‍പ്പെടുക ആയിരുന്നു. മൃതദേഹം കണ്ടെടുത്ത് സംസ്‌കാരം നടത്തി. ഇനി പ്രജീഷില്ലെന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കള്‍,ദുരന്തമായി ഒടുങ്ങിയപ്പോഴും എല്ലാവരുടെയും മനസ്സിൽ ഹീറോ ആണിപ്പോൾ പ്രജീഷ്