newsdesk
കല്‍പ്പറ്റ/തിരുവനന്തപുരം: ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും.
പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ൽ അധികം വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തില്‍ തന്നെയാണ്. രാഹുലിന്‍റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.
മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കുറവായിരുന്നു പ്രചാരണത്തിന്. എന്നാല്‍, ഇത്തവണ ആ പ്രശ്നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടത് സ്ഥാനാർത്ഥിയുണ്ടാകുമെന്നുറപ്പ്. ആനിരാജ തന്നെ വരുമോ എന്ന് കാത്തിരിക്കണം. മണ്ഡലത്തിൽ ബിജെപി വോട്ടുവിഹിതം കൂട്ടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അതാവർത്തിക്കാൻ ആരെ നിയോഗിക്കുമെന്നതും ഇനി അറിയാനുണ്ട്. ബിജെപിക്കായി വനിതാ സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങുമോയെന് ചര്‍ച്ചയും സജീവമാണ്.
അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്‍റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഇറങ്ങാനുമാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്ത്യാമുന്നണിയെ സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോല്‍വിയിലുണ്ടായ നിറംമങ്ങല്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.
ആവേശത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അമേഠി തിരിച്ചുപിടിച്ചും റായ്ബറേലി നിലനിര്‍ത്തിയും വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ചും പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നുവെന്ന ആവേശത്തിലാണ് അണികള്‍. നെഹ്റു കുടുംബം കേരളത്തെ ചേര്‍ത്തുപിടിക്കുന്നുവെന്ന വൈകാരികതയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. വയനാട് രാഹുല്‍ ഒഴിഞ്ഞതില്‍ കടുത്ത വിമര്‍ശനം എതിര്‍പാര്‍ട്ടികള്‍ക്കുണ്ട്.
പ്രിയങ്കയാണെങ്കിലും സ്ഥാനാർത്ഥിയെ നിർത്താനാണ് സിപിഐ നീക്കം. പക്ഷെ പ്രചാരണത്തിൽ എന്തൊക്കെ പറയുമെന്നത് ഇടത് പാർട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരായ കടന്നാക്രമണം പ്രിയങ്കക്കെതിരെ ആവർത്തിച്ചാൽ കൂടുതൽ കൈപൊള്ളാനിടയുണ്ടെന്ന പ്രശ്നം എൽഡിഎഫിന് മുന്നിലുണ്ട്. ശക്തികുറച്ചാൽ ബിജെപി കൂടുതൽ ശക്തിപ്പെടുമെന്ന പ്രശ്നവും ബാക്കിയാണ്. വയനാടിനൊപ്പം പാലക്കാടും ചേലക്കരയും കൂടി ഉപതെരഞ്ഞെടുപ്പ് വന്നാൽ പ്രിയങ്ക ഫാക്ടർ തിരിച്ചടിക്കുമോ എന്ന പ്രശ്നവും എൽഡിഎഫ് നേരിടുന്നുണ്ട്.