Site icon CTV Online

തദ്ദേശ വാർഡ് പുനർവിഭജനം സർക്കാരിന് കീറാമുട്ടിയാകുന്നു; ​ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചു

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സർക്കാരിന് കീറാമുട്ടിയാകുന്നു. തദ്ദേശ വാർഡ് പുനർവിഭജനത്തിനായി സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസ് പുറപ്പെടുവിക്കാനാകില്ലെന്നാണ് ​ഗവർണറുടെ നിലപാട്.

പെരുമാറ്റച്ചട്ടം നിലനിൽക്കെ ഓർഡിനൻസിൽ ഒപ്പിടണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ​ഗവർണർ വ്യക്തമാക്കി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്.

അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടാനുള്ള തീരുമാനം വന്നിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് കൂടുന്ന നിലയിലാണ് പുനർനിർണ്ണയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വാർഡ് പുനർനിർണയിക്കാൻ കമ്മീഷൻ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

ഇതോടെ 1,200 വാർഡുകൾ പുതുതായി രൂപപ്പെടും. ജനസംഖ്യ വർധിച്ചെന്ന് വിലയിരുത്തിയാണ് വാർഡുകൾ പുനർനിർണയിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണു ‌‌‌വാർഡ് പുനർനിർണയിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകൾ ഉണ്ട്. പുനർവിഭജനത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.

Exit mobile version