
News Desk
ആദിവാസി ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുമായുള്ള യാത്രാ വിവാദത്തില്‍ മറുപടിയുമായി വ്ളോഗര്‍ സുജിത്ത് ഭക്തന്‍.സ്ഥലം എം.പി. വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതെന്നും സുജിത്ത് ഭക്തന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
വിഷയത്തില്‍ എന്ത് നിയമ നടപടികള്‍ നേരിടേണ്ടി വന്നാലും അത് സന്തോഷപൂര്‍വ്വം നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.135 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ലെന്ന് സുജിത്ത് ഭക്തന്‍ ചോദിച്ചു. 10 കിലോ മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം അവിടേക്ക് എത്താനായിട്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ തുണിത്തൊട്ടില്‍ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ആ ഗ്രാമപഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവര്‍ക്കും കുഴപ്പം. ആദ്യം പറഞ്ഞത് കൊവിഡ് പരത്താന്‍ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോള്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ പോയത് ഫോറസ്റ്റിന്റെ ജീപ്പില്‍. അതും രക്ഷയില്ല എന്ന് മനസ്സിലായി. പിന്നെ അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്. ഭക്തന്‍ ചെയ്യുമ്പോള്‍ മാത്രമാണോ ഫോറസ്റ്റും മറ്റുള്ളവരും ഇതൊക്കെ കാണുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു,’ സുജിത്ത് ഭക്തന്‍ ഫേസ്ബുക്കില്‍ എഴുതി.
