Site icon CTV Online

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും;നികുതി വെട്ടിച്ചു, കള്ളപ്പണം വെളുപ്പിച്ചു എന്നീ ആരോപണങ്ങളിൽ ആയിരിക്കും അന്വേഷണം

newsdesk

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതി വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് അന്വേഷണം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആണ് പരാതി നൽകിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെങ്കിലും ക്രമക്കേട് നടന്നുവെന്ന് ആക്ഷേപം ഉയർന്നു വന്നിരുന്നു . നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നാണ് ആരോപണം. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ ഏഴ്കോടിയോളം വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് സി എൻ മോഹൻ നൽകിയ പരാതിയിൽ പറയുന്നത് . ഭൂമിയ്ക്ക് 1.92 കോടി മാത്രം വിലകാണിച്ച് രജിസ്റ്റർ ചെയ്ത് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്നാണ് കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മോഹനൻ വെളിപ്പെടുത്തിയത്. സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തുവെന്നും മോഹനൻ ആരോപിച്ചു.


എന്നാൽ, ആരോപണങ്ങൾ തള്ളിയ മാത്യു കുഴൽനാടൻ സിപിഎമ്മിനുള്ള വിശദമായ മറുപടി ഇന്ന് നൽകുമെന്ന് പറഞ്ഞിരുന്നു. ചിന്നക്കനാലിൽ വീടും സ്ഥലവും ഉണ്ട്. ഇതിന്റെ രേഖകൾ എല്ലാം തിരഞ്ഞെടുപ്പ് സത്യവാംഗ്‌മൂലത്തിൽ നൽകിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Exit mobile version