
NEWSDESK
വൈക്കം: ഇരു കൈകാലുകൾ ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായൽ പത്ത് വയസ്സുകാരൻ നീന്തിക്കയറിയത് ലോക റിക്കാഡിലേക്ക്. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്ത്, ദിവ്യാ ദമ്പതികളുടെ മകൻ പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ് സുജിത്താണ് ഒരു മണിക്കൂർ 22 മിനിറ്റുകൊണ്ട് വൈക്കം വേമ്പനാട്ട് കായലിൻ്റെ നാലര കിലോമീറ്റർ ദൂരം ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രം കുറിച്ചത്.
രാവിലെ 8.40 ന് ആലപ്പുഴ ജില്ലയിലെ തവണ കടവിൽ നിന്ന് തുടങ്ങിയ നീന്തൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ 10. 02 ന് നീന്തിക്കയറി. തുടർന്ന് വൈക്കം ബീച്ചിൽ നടന്ന അനുമോദന സമ്മേളനം കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ അടക്കം നിരവധി പേർ പങ്കെടുത്തു. ഒരു വർഷത്തോളമായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബിൻ്റെ കീഴിൽ നീന്തൽ പരിശീലകനായ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് പരിശീലനം തേടിയത്. കഴിഞ്ഞ മാസം 11 ന് ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് 12 കാരി റിക്കോർഡ് ഇട്ടിരുന്നു.