newsdesk
ചാത്തമംഗലം∙ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന വലിയപൊയിൽ– കമ്പനിമുക്ക്, മലയമ്മ, പുത്തൂർ– കൂടത്തായി റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതു മൂലം യാത്രാ ദുരിതം. മഴ തുടങ്ങിയതോടെ പലയിടത്തും വെള്ളം കെട്ടിനിന്നു യാത്രക്കാർ അപകടത്തിൽ പെടുന്നു. ദയാപുരം സ്കൂൾ പരിസരത്ത് നടത്തുന്ന അഴുക്കുചാൽ നിർമാണം വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കും വിധമാണെന്ന് നേരത്തെ പരാതി ഉയരുകയും ഷരീഫ് മലയമ്മ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.
6 മാസമായി റോഡരികിൽ അഴുക്കുചാൽ നിർമാണം നടക്കുകയാണ്. റോഡിന്റെ ഏതാനും ചില ഭാഗത്ത് അടിത്തറ ഉറപ്പിക്കൽ നടത്തി എന്നല്ലാതെ കാര്യമായ പ്രവൃത്തി പൂർത്തിയായിട്ടില്ല. മഴ തുടങ്ങിയതോടെ ഇനിയും എത്ര നാൾ ദുരിത യാത്ര തുടരേണ്ടി വരും എന്ന ആശങ്കയിലാണ് യാത്രക്കാർ. ആർഇസി ഹയർ സെക്കൻഡറി സ്കൂൾ, ദയാപുരം സ്കൂൾ, മലയമ്മ സ്കൂൾ, കെഎംസിടി കോളജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ആശ്രയമായ റോഡ് മാസങ്ങളായി കുത്തിപ്പൊളിച്ച നിലയിലാണ്. വൈദ്യുതി പോസ്റ്റും പൈപ്‌ലൈനുകളും മാറ്റാൻ വൈകുന്നതാണ് പ്രവൃത്തി വൈകാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്.