
newsdesk
വയനാട് വാകേരിയിലെ കോഴി ഫാമിൽ കടുവ എത്തിയതായി സംശയം. കൂടല്ലൂരിലെ ഫാമിന്റെ 2 ഭാഗങ്ങൾ പൊളിഞ്ഞ നിലയിലാണ്. സമീപത്ത് കാല്പാടുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി നായ്ക്കൾ കുരച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്റെ 200 മീറ്റർ അകലെയാണ് കോഴി ഫാം.
വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി നൽകി.
നരഭോജി കടുവയെ കൊല്ലാനാണ് ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടിൽ കയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു.