Site icon CTV Online

വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു; മരിച്ചവര്‍ക്ക് ധനസഹായം

Web Desk

ജമ്മുകശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ത്രികൂട പര്‍വതത്തിലെ ശ്രീകോവിലിനു പുറത്ത് വെച്ച് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു.

പുതുവര്‍ഷത്തോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം ദര്‍ശനം നടത്താന്‍ എത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അനുവാദമില്ലാതെ നിരവധി പേര്‍ ഒരുമിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചുവെന്നും ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായവും സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Exit mobile version