Site icon CTV Online

കേരളത്തിൽ വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി

Web Desk

കേരളത്തിൽ വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ തയാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിൻറെ 50 ശതമാനം സബ്സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നൽകും. കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്സിൻ ഉത്പ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടി രൂപയ്ക്കകത്തും വാക്സിൻ ഉൽപ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടി രൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടി രൂപയ്ക്കകത്താകും. സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്സിഡി നൽകും. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേയ്ക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ് സബ്സിഡിയും നൽകും. ഉൽപ്പാദിപ്പിക്കേണ്ട വാക്സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.

Exit mobile version