
Web Desk
സംസ്ഥാനത്ത് ജനുവരി 19 (ബുധൻ) മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിനു ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
15 വയസ്സും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സീന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുൻപോ ജനിച്ചവരായിരിക്കണം. 15 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സീന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സീന്‍ നല്‍കുക.
